കേരളത്തിൻ്റെ സാംസ്കാരിക ഭാവി നിർണ്ണയിക്കുന്നതിൽ അൺ എയ്ഡഡ് സ്കൂളുകളുടെ പങ്ക് പ്രധാനം : കാന്തപുരം
കോഴിക്കോട്: കേരളത്തിൻ്റെ സാംസ്കാരിക ഭാവി നിർണ്ണയിക്കുന്നതിൽ അൺ എയ്ഡഡ് സ്കൂളുകളുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കാരന്തൂർ ജാമിഅ മർകസിൽ ഐ എ എം ഇ മാനേജ്മെൻ്റ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച മാനേജ്മെൻ്റ് സമ്മിറ്റ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുരോഗതിയിൽ എത്തിക്കുന്നതിൽ ഐ എ എം ഇയുടെ പങ്ക് സ്തുത്യർഹമാണെന്നും ഈ കൂട്ടായ്മയിൽ കൂടെ നിൽക്കൽ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പരിപാടിയിൽ കേരളത്തിലെ വിവിധ ഐ എ എം ഇ സ്കൂളുകളിലെ മാനേജ്മെൻ്റ് പ്രതിനിധികൾ പങ്കെടുത്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഐ എ എം ഇ വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ രണ്ടര പതിറ്റാണ്ട് സെഷന് നൗഫൽ കോഡൂർ നേതൃത്വം നൽകി. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മജീദ് കക്കാട് ,അഫ്സൽ കൊളാരി സംസാരിച്ചു. സർക്കാർ നടത്തുന്ന എല്ലാ സ്കോളർഷിപ്പ് പരീക്ഷകളിലും സി ബി എസ് ഇ അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും സർക്കാറിൻ്റെ അംഗീകാരത്തോടെ സജീവമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് ഈടാക്കുന്ന ഭീമമായ കെട്ടിട നികുതിയിൽ നിന്നും പിന്തിരിയണമെന്നും മാനേജ്മെൻ്റ് സമ്മിറ്റിൽ അവതരിപ്പിച്ച പ്രമേയമത്തിൽ ആവശ്യപ്പെട്ടു.
മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ താഴപ്ര , എൻ അലി അബ്ദുള്ള , എ കെ അബ്ദുൾ ഹമീദ്, മുസ്തഫ മാസ്റ്റർ കോഡൂർ , എൻ മുഹമ്മദലി, അബ്ദുൽ കരീം സഖാഫി സംബന്ധിച്ചു.
വി പി എം ഇസ്ഹാഖ് സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.