കോഴിക്കോട് : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ആർട്ടോറിയത്തിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവം ചാലിയം ക്രസന്റ് പബ്ലിക് സ്കൂളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന മാനുഷീക പീഢനങ്ങൾ സാംസ്കാരിക മൂല്യങ്ങളില്ലാത്ത സമൂഹത്തിൽ നിന്നുയർന്നു വരുന്നതാണ്. ഹൃദയ നൈർമല്യമില്ലായ്മയും സ്നേഹത്തിന്റെ വരൾച്ചയുമാണ് ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഐ.എ.എം. ഇ സംഘടിപ്പിച്ച സാംസ്കാരികോത്സവം പോലെയുളള പരിപാടികൾ ഈ തിന്മകൾക്കെതിരെയുള്ള പ്രതിരോധമാവണമെന്നും ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 3, 4 തീയ്യതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ആർട്ടോറിയം കലാമേളയുടെ ഭാഗമായാണ് സാംസ്കാരികോത്സവം സംഘടിപ്പിച്ചത്. ക്രസന്റ് സ്കൂൾ ചെയർമാൻ എ.പി അബ്ദുൽ കരീം ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി കെ പാറക്കടവ് മുഖ്യാതിഥിയായി. ഐ.എ.എം. ഇ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് സന്ദേശ പ്രഭാഷണം നടത്തി. ഫിനാൻസ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി, ക്രസന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് ബാബു ,അഡ്മിനിസ്‌ട്രേറ്റർ അബ്ദുൽ ജബ്ബാർ ഹാജി, പി.ടി.എ പ്രസിഡണ്ട് സഹീർ കെ.പി ക്രസന്റ് ട്രസ്റ്റ് മെമ്പർ ടി.എ മുഹമ്മദ് കോയ, ട്രഷറർ ഡോ. പി.എ അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.എ.എം. ഇ ജനറൽ സെക്രട്ടറി വി.പി.എം. ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ മജീദ് ഹാജി നന്ദിയും പറഞ്ഞു.